മീന്‍ മുളകിട്ടത്‌ 



അവശ്യസാധനങ്ങള്‍.


മോത അല്ലെങ്കില്‍ നെയ്മീന്‍ ----ഒരു കിലോ
ഒരു വലിയ കഷണം ഇഞ്ചി,ഒരു കുടം വെളുത്തുള്ളി,5 ചുവന്നുള്ളി എന്നിവ അരച്ചെടുക്കുക
മുളകുപൊടി -----6 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി ------അര ടീസ്പൂണ്‍ 
കുടംപുളി ------ 5 വലിയ കഷണം
ഉപ്പ് ------- ആവശ്യത്തിനു
വെളിച്ചെണ്ണ --------- 6 ടേബിള്‍ സ്പൂണ്‍
കടുക് -------കാല്‍ ടീസ്പൂണ്‍
ഉലുവ ------അര ടീസ്പൂണ്‍
കറിവേപ്പില -----8 തണ്ട് (തണ്ടോട് കൂടിയത്)

മീന്‍ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.

ഒരു ബൌളില്‍ രണ്ടു കപ്പ്‌ വെള്ളം എടുത്തു കുടംപുളി അതിലിട്ട് വയ്ക്കുക.

ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ചു വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.ശേഷം ഉലുവ മൂപ്പിക്കുക.ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,ഉള്ളി എന്നിവ അരച്ചത് ചേര്‍ത്തു ഇളക്കുക.ചെറുതായി നിറം മാറാന്‍ തുടങ്ങിയാല്‍ മുളകുപൊടി ചേര്‍ത്തു എണ്ണ തെളിയും വരെ ഇളക്കുക.(കരിയരുത്)വെള്ളത്തിലിട്ടിരിക്കുന്ന പുളി ചെറുതായൊന്നു ഞെരുടി പുളി കഷണങ്ങള്‍ മാറ്റിവച്ച ശേഷം പുളി വെള്ളം ചീനച്ചട്ടിയിലേക്ക്‌ ഒഴിക്കുക.മഞ്ഞള്‍പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.വെള്ളം വേണമെങ്കില്‍ ഒരു കപ്പ്‌ കൂടെ ചേര്‍ക്കാം.തിളക്കാന്‍ അനുവദിക്കുക.

ഒരു മീന്‍ ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.ശേഷം 4 തണ്ട് കറിവേപ്പില തണ്ടോട് കൂടി നിരത്തുക.മാറ്റി വച്ച പുളി കഷണങ്ങള്‍ ചെറുതായി കീറി പകുതി കഷണങ്ങളും നിരത്തുക.ഇതിനു മുകളിലേക്ക് കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ നിരത്തി അടുക്കുക.വീണ്ടും മുകളില്‍ ബാക്കിയുള്ള 4 തണ്ട് കറിവേപ്പിലയും പുളി കഷണങ്ങളും നിരത്തുക.ഇനി അടുപ്പില്‍ തിളച്ചു കൊണ്ടിരിക്കുന്ന ഗ്രേവി ചട്ടിയില്‍ നിരത്തിയ മീന്‍ കഷണങ്ങള്‍ക്ക് മുകളിലേക്ക് ഒഴിക്കുക.ശേഷം ചട്ടി അടച്ചു ചെറുതീയില്‍ 20 മിനിറ്റ് പാകം ചെയ്യുക.മുളകിട്ട മീന്‍കറി റെഡി.

ഈ മീന്‍ കറി തലേന്ന് ഉണ്ടാക്കി വച്ചിട്ടു പിറ്റേന്ന് എടുക്കുന്നതാവും നല്ലത്.
23 Nov 2013

0 comments:

Post a Comment

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

 
Top